ഇതോ നിന്റെ കടങ്കഥ!


പല്ലികൾ ചുംബിച്ചു!
ചുംബിച്ചോ?
അറിയില്ല, ചുണ്ടുകൾ തമ്മിൽ കൂട്ടിമുട്ടി.

ഞാൻ കണ്ടതറിഞ്ഞോ!
അതറിയില്ല,
അവർ പിന്നെ ചുമരു ചുറ്റിക്കളി തന്നെ മൊത്തം.

ഞാനൊന്ന് ചോദിക്കാം.
ചോദിക്കൂ!
അത് പിന്നെ,
പ്രകൃത്യാലുള്ളത് പോലൊക്കെ അവർ രണ്ടും
രണ്ടു ജാതിക്കാർ തന്നെയാണോ?

അവളെന്റെ കണ്ണിലേക്കൊരു നോട്ടമിട്ടു.
ഞാനെന്റെ കൈകളെ കോർത്തിണക്കി!

മൗനം കൊടുങ്കാടായി,
ഞാനതിനോരത്ത് കുളിരു നോക്കുന്നൊരു യാത്രികയും!

ഇരുളിൽ ഇടതൂർന്നൊഴുകുന്നൊരരുവിയിൽ
അവളെന്നെ ഗാഢമായ് പുൽകിയൊഴുക്കി.

ചിരി മാഞ്ഞു, ചിറിയിൽ ചെറുതേനുതിർന്നു,
ഞാനതിൻ മധുരത്തെ നുണഞ്ഞുറങ്ങി.

ചുണ്ടോടു ചുണ്ടുകൾ ചേർക്കുന്ന പല്ലികൾ,
അവർ രണ്ടും പിന്നെയും ഒന്നിച്ച് കണ്മുന്നിൽ!
അവിടേക്ക് കൈചൂണ്ടി അവളെ നോക്കി,
ചോദ്യമോ, അത് വേണ്ട,
ഉത്തരമില്ലെങ്കിൽ ചോദ്യങ്ങൾ നാവിനു ഭാരമല്ലേ?
ആണാകും പെണ്ണാകും,
അല്ലെങ്കിൽ നമ്മളെപ്പോൽ  പെൺപല്ലി ചുംബിച്ചിരിക്കല്ലേ പെണ്ണിനെ!

#LLNL


Comments

Popular posts from this blog

Nimishapriya and Indian Judiciary

വിശ്വാസം

Wrong Turn; The Foundation /English Film / Malayalam Review