ഡാർലിംഗ്സ് സിനിമയും, അടിമപ്പെടുത്തുന്ന പ്രണയവും!

'ഗംഗുബായി' സിനിമ കണ്ടതിന് ശേഷമാണ് ആലിയാ ഭട്ട് എന്ന് കേൾക്കുമ്പോൾ ആരാധനയുടെ രോമാഞ്ചം ഉണ്ടായിത്തുടങ്ങിയത്. നെറ്റ്ഫ്ലൈക്സിൽ ഡാർലിംഗ്സ് സിനിമ വന്നെന്നറിഞ്ഞപ്പോൾ റിവ്യൂ പോലും നോക്കാൻ നിൽക്കാതെ പോയി കണ്ടത് അതുകൊണ്ട് മാത്രമാണ്.
ടോക്സിക് റിലേഷനുകളിൽ പരമാവധി പിടിച്ച് നിന്ന്, പപ്പടം പൊടിയുമ്പോലെ ജീവിതം പൊടിഞ്ഞ് പോകുന്നത് നോക്കി നിൽക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ് സിനിമ.
ബദ്രു, ഹംസയുടെ പ്രണയത്തെ അന്ധമായി വിശ്വാസത്തിലെടുത്ത് അയാളെ വിവാഹം കഴിക്കുന്നു. പക്ഷേ, മദ്യത്തിനടിമയും, വളരെ ടോക്സിക്കും ആയ അയാൾ അവളെ ദിവസവും രാത്രി ക്രൂരമായി ഉപദ്രവിക്കുകയും, രാവിലെ "ഡാർലിംഗ്, സോറി" എന്ന രണ്ട് വാക്കിൽ അവളുടെ പിണക്കം മാറ്റുകയും ചെയ്യുന്നു. അവളുടെ അമ്മ, അവളുടെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെങ്കിലും, അവൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവർക്ക് നേരിൽ ബോധ്യമുണ്ടെങ്കിലും സിനിമയുടെ ആദ്യപകുതിയിൽ അവർ നിസ്സഹായാണ്. കാരണം, ഈ റിലേഷനിൽ നിന്ന് പുറത്ത് വരാൻ മകളോട് അവർ പറയുന്നുണ്ടെങ്കിലും ബദ്രുവിന് ഭർത്താവിനെ പിരിഞ്ഞ് ജീവിക്കാനാകില്ലെന്നാണ് ആദ്യ പകുതിയിൽ സിനിമ കാണിക്കുന്നത്. അത് കൊണ്ട് തന്നെ, ഓരോ ദിവസവും ഇന്ന് എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ അവൾ മുന്നോട്ട് പോകുന്നു.
ഇടയ്ക്ക് വച്ച് റോഷന്റെ കഥാപാത്രം കയറി വരികയും, ഹംസയ്‌ക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്യുന്നു. അതോടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടാകുന്നത്. പോലീസ് സ്റ്റേഷനിൽ വച്ച് ഹംസയുടെ മധുരവാക്കുകൾ വീണ്ടും വിശ്വസിച്ച് പോകുന്ന ബദ്ര, ജീവിതത്തിലെ വലിയൊരു ദുരന്തം നേരിടുകയും പിന്നീട് അത് അതിജീവിക്കുകയും ചെയ്യുന്നു.
ഏറ്റവും ഒടുവിൽ, അമ്മയുടെ കണ്ണുകളിൽ അവളുടെ ജീവിതം പ്രതിഫലിച്ച് കാണുമ്പോൾ, തന്റെ അച്ഛനെക്കുറിച്ച് അത്രനാളും പഠിച്ച് വച്ചിരുന്ന കള്ളങ്ങൾ എന്തായിരുന്നുവെന്ന് അവൾക്ക് വെളിപ്പെടുന്നു.

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന, വേദനിപ്പിക്കുന്ന ചില സത്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. സിനിമയുടെ ഒരു ഭാഗത്ത്, ബദ്രയുടെ അമ്മയോട് ഒരു പോലീസുകാരൻ മകളെ ഡിവോഴ്സ് ചെയ്യിപ്പിക്കാത്തതെന്തെന്ന് ചോദിക്കുമ്പോൾ, ഡിവോഴ്സ് ചെയ്താൽ മകളുടെ ഭാവി എന്താകുമെന്നാണ് അവർ തിരിച്ച് ചോദിക്കുന്നത്. ബദ്ര, ഹംസയിൽ നിന്നിറങ്ങിപ്പോകാത്തതാകട്ടെ, ഓരോ രാവിലെകളിലും അവളെ പ്രലോഭിപ്പിക്കുന്ന തരത്തിൽ സ്നേഹം അഭിനയിക്കാനും, "നിനക്ക് വേണ്ടിയല്ലേ ഞാൻ", "നീയില്ലെങ്കിൽ എനിക്കാരുണ്ട്" തുടങ്ങിയ നാടകങ്ങളിലൂടെ അവളെ അടിമപ്പെടുത്തി വയ്ക്കാനും ഹംസയ്ക്ക് സാധിക്കാത്തത് കൊണ്ടാണ്. ഓരോ ദിവസവും ഭർത്താവിൽ നിന്ന് സ്നേഹം ഭിക്ഷ ലഭിക്കുന്നത് കാത്ത് കഴിയുന്നൊരു ഭിക്ഷക്കാരിയാണ് ബദ്ര.

ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒരു വിഷയത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് "ഡാർലിംഗ്സ്". അഭിനയ മികവ് കൊണ്ട് ഓരോ കഥാപാത്രങ്ങളും അവരുടേതാക്കുന്നു ഈ സിനിമയെ.

Film: ഡാർലിംഗ്സ്
Language : ഹിന്ദി
Director : ജസ്‌മീത്. കെ. റീൻ


#LLNL

Comments

Popular posts from this blog

Nimishapriya and Indian Judiciary

വിശ്വാസം

Wrong Turn; The Foundation /English Film / Malayalam Review