Nimishapriya and Indian Judiciary

നിമിഷപ്രിയയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും 
--------------------------------------------------------------------
"ഞാൻ മരിക്കാൻ തയ്യാറാണ്. എന്റെ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി നാട്ടിൽ കൊണ്ട് വരണം." യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയുടെ യാചന, ശിക്ഷാ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളെത്തുടർന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ അവസരത്തിൽ, മറ്റ് രാജ്യങ്ങളിലെ ശിക്ഷാനടപടികളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.

"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന" ആപ്തവാക്യം കാരണമുണ്ടാകുന്ന ഇഴച്ചിലിനെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും എതിർപ്പോട് കൂടിയാണ് നോക്കിക്കാണുന്നത്. പ്രതി കുറ്റം സമ്മതിച്ചെങ്കിൽപ്പോലും, അത് ചെയ്യാനുണ്ടായ സാഹചര്യം, പ്രതിയുടെ പ്രായം, ലിംഗം തുടങ്ങിയവയൊക്കെ പരിശോധിച്ച് ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുന്ന രീതി കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിന്ന് വരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടാൽ പോലും അത് തൊട്ടടുത്ത ദിവസമോ, മാസമോ നടക്കാറില്ല. സുപ്രീം കോടതി വരെയുള്ള മേൽക്കോടതികളിൽ അപ്പീൽ പോയതിന് ശേഷവും വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കാത്ത സാഹചര്യത്തിൽ കുറ്റവാളിക്ക് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതിനിടയ്ക്ക് മനുഷ്യാവകാശ കമ്മീഷനും, പ്രതി സ്ത്രീയെങ്കിൽ വനിതാ കമ്മീഷനും ഇടപെടും. ഇതെല്ലാം പരിഗണിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിൽ ഒരു വധശിക്ഷ നടപ്പിലാകാറുള്ളൂ. 2012- ൽ നടന്ന നിർഭയാ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം, 2020- ലാണ് തൂക്കിലേറ്റുന്നത്. പ്രായപൂർത്തിയാകാത്തത് കൊണ്ട്, കുറ്റം പൂർണമായും തെളിവുകൾ സഹിതം തെളിഞ്ഞെങ്കിൽ പോലും ഒരു പ്രതിയെ വെറുതേ വിടുകയും ചെയ്തു. കേരളത്തിലെ മത്സ്യബന്ധനത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലെ ഇറ്റാലിയൻ നാവികരെ പിന്നീട് വെറുതെ വിടുകയും ചെയ്തു. പക്ഷേ, ഇത് ലോകത്തെങ്ങും സാധ്യമാണോ? അല്ലെന്നാണ് എന്റെ പക്ഷം.

2014- ൽ ഇറാനിലെ റെയ്ഹാന ജബ്ബാരിയെന്ന വനിതയെ അവിടുത്തെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് വധശിക്ഷയ്ക്ക് വിധിച്ചു. ബലാൽസംഗ ശ്രമത്തിനിടയ്ക്ക് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് റെയ്ഹാന വാദിച്ചെങ്കിലും അത് തെളിയിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് ലോകമെമ്പാടുമുള്ള പല മനുഷ്യാവകാശ സംഘടനകളും ഈ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചെങ്കിലും, അവരുടെയൊന്നും വാക്കുകൾ വിലയ്ക്കെടുക്കാതെ റെയ്ഹാന തൂക്കിലേറ്റപ്പെടുകയാണുണ്ടായത്. അവസാനമായി റെയ്ഹാന അമ്മയ്ക്ക് എഴുതിയ കത്തും അതിൽ അവർ കണ്ണ് ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന് എഴുതിയിരുന്നതും വായിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾ അന്ന് ദുഃഖത്തിലാണ്ടിരുന്നു. ഇന്ത്യയിലായിരുന്നു ഈ സംഭവമെങ്കിൽ തീർച്ചയായും സ്ത്രീയെന്ന പരിഗണനയും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകളും റെയ്ഹാനയ്ക്ക് ഗുണകരമായി വന്നേനെ. അത് കൊണ്ടാണ്, ഇന്ത്യൻ നിയമവ്യവസ്ഥയെ വിശാലമായൊരു തടാകത്തിനോട് ഉപമിക്കാൻ നമുക്ക് സാധിക്കുന്നത്.

നിമിഷപ്രിയയുടെ കാര്യത്തിലേക്ക് വന്നാൽ, പീഡനം സഹിക്ക വയ്യാതെയാണ് അവർ കൊല നടത്തിയതെന്നാണ് സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. അതിന്റെ സത്യാസത്യങ്ങൾ തൽക്കാലം നമുക്ക് മാറ്റി വയ്ക്കാം. പകരം, ഈ സംഭവം നടന്നത് ഇന്ത്യയിലാണെന്ന് സങ്കൽപ്പിക്കൂ, തീർച്ചയായും കേസ് അവസാനിക്കുന്നത് അങ്ങേയറ്റം പോയാൽ ജീവപര്യന്തത്തിലാകും.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒച്ചിഴയുന്ന വേഗത്തിൽ ഇഴഞ്ഞാണ് പോകുന്നതെന്ന് നമ്മൾ പലവട്ടം കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിൽപ്പോലും, അത്രമേൽ ഉറപ്പില്ലാതെ ഈ രാജ്യം ആരുടേയും ജീവൻ അപഹരിക്കില്ല എന്നതാണ് സത്യം, ഇതിനിടക്ക് കള്ളും കഞ്ചാവും പണവും കാരണം കുറ്റവാളികൾ രക്ഷപ്പെട്ട് പോകുന്നുണ്ടെങ്കിൽപ്പോലും!


#LLNL

Comments

Popular posts from this blog

വിശ്വാസം

Wrong Turn; The Foundation /English Film / Malayalam Review