തടവറയിൽനിന്ന് തുറന്ന ലോകത്തിലേക്ക്

അച്ഛൻറെ അമ്മ പറഞ്ഞു കേട്ട കഥയാണ്, പണ്ട്, എന്ന് പറയുമ്പോൾ ഒരു എഴുപത് -എഴുപത്തഞ്ച് വർഷങ്ങൾ മാത്രം മുൻപ് വിവാഹത്തിനു മുൻപ് പെൺകുട്ടികൾ ഋതുവാകുന്നത് നാണക്കേടായിരുന്നുവത്രേ. വിവാഹത്തിനു മുൻപ് ഗർഭംധരിച്ചു എന്നതിനേക്കാൾ വലിയ ഒരു അപമാനമാകയാൽ,  പെൺകുട്ടി ഋതുവായത് വരൻറെവീട്ടുകാരിൽ നിന്ന് മറച്ചു വച്ച് നടത്തിയ ചില വിവാഹങ്ങൾ ഒടുവിൽ സത്യമറിഞ്ഞ് വലിയ ബഹളത്തിൽ അവസാനിച്ചിട്ടുമുണ്ടത്രെ.ഇന്നാണ് ഇതെങ്ങാനും നടന്നിരുന്നതെങ്കിലോ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം നടത്താൻ ശ്രമിച്ചു എന്നത് ഉൾപ്പെടുന്ന വലിയൊരു പീഡനകേസിൽ മാതാപിതാക്കൾ ഉൾപ്പെടെ വലിയൊരു സംഘം ജയിലിൽ ആയേനെ, അല്ലേ!


പറഞ്ഞുവരുന്നത്  അന്നിൽ നിന്ന് ഇന്നിലേക്കുള്ള മാറ്റത്തെക്കുറിച്ച് തന്നെ. യമനിലും മറ്റും ഇന്നും 10 വയസ്സുള്ള പെൺകുട്ടികളെ [നമ്മുടെ നാട്ടിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രായം] 30 വയസ്സുള്ള യുവാക്കൾക്കൊപ്പം വിവാഹം കഴിപ്പിച്ചു വിടുന്ന രീതിയിൽ നിലനിൽക്കുകയാണ്. അവിടങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സ് ആണെന്നത് നിയമപരമായി നിലനിൽക്കുന്ന അതേ കാലഘട്ടത്തിൽ തന്നെ ഇന്ത്യ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 നിലയ്ക്ക് ഉയർത്തിയിരിക്കുകയാണ്. ഒരു സ്ത്രീയുടെ productive capacity എന്നത് പെറ്റുകൂട്ടൽ മാത്രമല്ലെന്നും ദേശീയ വരുമാനത്തിൽ അവർക്കും വളരെ വലിയ പങ്കു വഹിക്കാനാകുമെന്നും നമ്മുടെ രാജ്യം തിരിച്ചറിഞ്ഞു വരുന്നുണ്ട്, നല്ലതുതന്നെ ! 18 വയസ്സു മുതൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറ്റകരമല്ലെന്നിരിക്കെ, പുതിയ നിയമം ലിവിങ് ടുഗതർ സംസ്കാരം വളർത്താനുതകുമെന്ന വാദം, മാറ്റങ്ങളോട് പൊരുത്തപ്പെടാൻ പ്രയാസമുള്ള മാനസികാവസ്ഥയുടെ പ്രശ്നമെന്ന് കാണാനെ ഈ സാഹചര്യത്തിൽ സാധിക്കുകയുള്ളൂ.


സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം തുല്യനിലയിൽ '21' വയസ്സ് എത്തിയിരിക്കുന്നത് സാമൂഹികമായി ഒരു പ്രശ്നം തന്നെയാണ്. ഒരേ പ്രായത്തിലുള്ളവരുടെ വിവാഹം വളരെ പെട്ടെന്ന് ഈഗോ മുതലായ പ്രശ്നങ്ങളിലൂടെ വിവാഹമോചനത്തിലേക്ക് എത്തുന്നതിന് പല ഉദാഹരണങ്ങൾ ഇപ്പോൾ തന്നെ നാം കണ്ടുകഴിഞ്ഞു. അതൊരു മനശാസ്ത്രപരമായ പ്രശ്നം എന്നിരിക്കെ പെൺകുട്ടിയുടെ വിവാഹപ്രായം 21 വീണ്ടും 18ലേക്ക് എന്നാക്കുതിന് മുറവിളി കൂട്ടാതെ, ആൺകുട്ടികളുടെ വിവാഹപ്രായം 21 -ൽ നിന്ന് 24-ലേക്ക്  എന്ന് ആവശ്യപ്പെടുന്നതല്ലേ എളുപ്പവും ഉചിതവും. അടുത്തതായി പലരും പറയുന്ന പ്രധാന പ്രശ്നം പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുമ്പോൾ രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വർധിക്കുമത്രെ. 17 മുതൽ ഇങ്ങോട്ട് അറുപതും എഴുപതും വരെ പ്രായമുള്ള പുരുഷന്മാർ പീഡന കേസുകളിലെ പ്രതികളാകുന്നത്, വിവാഹം കഴിക്കാൻ ആരെയും കിട്ടാത്തത് കൊണ്ടാണോ? ഡൽഹി "നിർഭയക്കേസിലെ" പ്രതികളിൽ രണ്ടുപേർ വിവാഹിതരായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാനസികവൈകല്യങ്ങളെയും മാനസികപ്രശ്നങ്ങളെയും ഉചിതമായ ചികിത്സാ-ശിക്ഷാ നടപടികളിലൂടെ മാറ്റുകയാണ് വേണ്ടത്. അല്ലാതെ ഈ പാവപ്പെട്ട സ്ത്രീകളെ അവരുടെ അസുഖങ്ങൾ മാറ്റാനുള്ള ലൈംഗിക ഉപകരണങ്ങളാക്കണം എന്ന് പറയുന്നതിലെ അർത്ഥമെന്ത്!


ഇത്രയൊക്കെ പറഞ്ഞതല്ലേ, ഇനിയൊന്ന് സാമ്പത്തികശാസ്ത്ര വശത്തേക്ക് കൂടി നോക്കാം. 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണപ്രദേശങ്ങളുമായി നീണ്ടു നിവർന്നു കിടക്കുന്ന ഇന്ത്യൻ മഹാരാഷ്ട്രത്തിലെ സമ്പൂർണസാക്ഷര സംസ്ഥാനമായിട്ട് കൂടിയും കേരളത്തിൽ ഇന്നും നൂറിൽ അറുപതു സ്ത്രീകളും ജോലികൾക്കായി കാര്യമായൊന്നും ശ്രമിക്കാതെ അടുക്കളക്കാരികളായി ഒതുങ്ങുന്നതിന്റെ ഒരു കാരണം "വിവാഹാനന്തര പ്രാരാബ്ദങ്ങൾ" തന്നെയാണ്. ഭർത്താവിനേക്കാൾ തൂക്കവും ഒതുക്കവുമുള്ള സർട്ടിഫിക്കറ്റുകൾ ധാരാളം പെട്ടിയിൽ ഉണ്ടെങ്കിലും വൃദ്ധരെയും കുഞ്ഞുങ്ങളെയും നോക്കുക, കറിക്ക് ഉപ്പും ചായക്ക് മധുരവും കൂടാതെ നോക്കുക തുടങ്ങിയ കുഞ്ഞുകുഞ്ഞു പണികൾ അവളുടെ തലയിൽ നിക്ഷേപിച്ച്, കല്ലും മണ്ണും ചുമന്നെങ്കിലും കുടുംബം പോറ്റാൻ താനിറങ്ങി കൊള്ളാം എന്ന് കരുതുന്ന പാവം പിടിച്ച ഈ പുരുഷന്മാരുടെ വിശാലമനസ്കത കണ്ടില്ലെന്ന് നടിക്കരുത്. Human capital അഥവാ മാനവവിഭവം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലുണ്ടെങ്കിലും അവയെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതു തന്നെയാണ് ഇന്ത്യയെ പോലൊരു വികസ്വരരാജ്യം നേരിടുന്ന പ്രശ്നം.


 18 വയസ്സുവരെ ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ സർക്കാർ ചെലവാക്കുന്ന തുക [ഒരു Economics ഭാഷയിൽ പറഞ്ഞാൽ Human Capital Development-ന്  വേണ്ടി ഗവൺമെന്റ് നടത്തുന്ന Expenditure] പാഴാക്കി കൊണ്ടാണ് 100-ൽ അറുപതോളം വരുന്ന സ്ത്രീകൾ അടുക്കളയിൽ കഴിച്ചുകൂട്ടുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 എന്നാക്കിയാൽ ഇതിൽ എന്ത് വ്യത്യാസം വരുമെന്ന് തോന്നിയേക്കാം. വിവാഹപ്രായം 18 വയസ്സാക്കിയപ്പോൾ പ്ലസ് ടു വരെയെങ്കിലും പഠിക്കാത്തവരുടെ എണ്ണം  വിരളമായത് നമ്മുടെ കണ്മുന്നിലുള്ള വസ്തുതയെന്നിരിക്കെ, വിവാഹപ്രായം 21 വയസ്സാക്കുമ്പോൾ കൂടുതൽ പഠനസാധ്യതകളും തൊഴിൽ സാധ്യതകളും തേടുന്നവരായി പെൺകുട്ടികൾ മാറും എന്നതിൽ സംശയമെന്ത്. ഒരുപക്ഷേ, ബിരുദം, ബിരുദാനന്തര ബിരുദം,എംബിബിഎസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് പോകാൻ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങൾ അനുവദിക്കാത്തവരുണ്ടായിരിക്കാം, എങ്കിലും ആഗോളവത്കരണം വഴി തുറന്നിട്ട ഓൺലൈൻ വിപണനത്തിന്റെ വലിയ സാധ്യതകൾ തികഞ്ഞ നോക്കാനെങ്കിലും അവർ  പര്യാപ്തരാകുമെന്നതുറപ്പ്.


18-ൽ നിന്ന് 21-ലേക്ക്, മൂന്ന് വർഷം കൊണ്ട് എന്ത് വ്യത്യാസം ഉണ്ടാകാനാണ് എന്ന് ചിന്തിക്കരുതേ, ഒരു ദിവസം കൊണ്ട് ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റി മറിച്ച കൊറോണാഭീകരൻ തൊട്ടടുത്ത് നിൽക്കുമ്പോൾ!


#LLNL

Comments

Popular posts from this blog

Nimishapriya and Indian Judiciary

വിശ്വാസം

Wrong Turn; The Foundation /English Film / Malayalam Review